ഊഞ്ഞാൽ


*നോവൽ ഊഞ്ഞാൽ 
രചന വിലാസിനി
പ്രസിദ്ധികരിച്ചത്: പൂർണ്ണാ പബ്ലിക്കേഷൻ
വില 490*

ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിരഹ പ്രണയ നോവൽ. 
ഈ നോവലിനെ കുറിച്ച് എഴുതണം എന്നു ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട് എന്നിട്ടും ഇപ്പോൾ മാത്രമാണ് എനിക്ക് അതിനുകഴിഞ്ഞത്,  

എം.കെ മേനോൻ എന്ന വിലാസിനി അദ്ദേഹത്തിന്റെ ആത്മകഥാoശം അടങ്ങിയ നോവൽ എഴുതിയത് അതി മനോഹരമായ ശൈലിയിൽ ആണ്,
പ്രണയത്തിനു കണ്ണില്ല എന്നാണ് സാധാരണ പറയാറ് എന്നാൽ വിലാസിനി പറയുന്നത് പ്രണയത്തിനില്ലാത്തത് കണ്ണല്ല തലച്ചോറാണ് എന്നാണ്, തലച്ചോറ് ഉണ്ടായിരുന്നുവെങ്കിൽ തന്നെക്കാൾ മുതിർന്ന വിനോദിനിയെ വിജയൻ പ്രണയിക്കുമായിരുന്നോ? എന്ന ന്യായവും അദ്ദേഹം അതിനായി നമുക്ക് മുന്നിൽ വെക്കുന്നുണ്ട്.
ചങ്ങമ്പുഴയുടെ രമണനിലേ മനോഹരമായ ഭാഗങ്ങൾ എല്ലാം തന്നെ സന്ദർഭോചിതമായി ഈ നോവലിൽ വിനോദിനിയും വിജയനും പ്രണയ വികാരങ്ങൾ പങ്കുവെക്കാൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രമണൻ എഴുതിയതു പോലും വിജയനും വിനോദിനിക്കും വേണ്ടിയാണോ എന്ന് നമുക്ക് സംശയം ജനിച്ചേക്കാം....!

നോവലിലേക്ക്..!

പ്രണയ വിരഹത്താൽ മനം നൊന്ത് സിംഗപൂരിലേക്ക് നാടുവിട്ട വിജയൻ നീണ്ട 10 വർഷം നാട്ടിലേക്ക് തിരിഞ്ഞു നോക്കാതിരിക്കുകയും തന്റെ സ്നേഹ ഭാജനം വിധവയായ വിവരം ലഭിക്കുന്ന മാത്രയിൽ നാട്ടിലേക്ക് ഒരു കപ്പലിൽ യാത്ര തിരിക്കുകയും ആ യാത്രയിൽ ഉടനീളം പഴയ കാല പ്രണയ ഓർമ്മകളിൽ വിരാചിക്കുകയും സഹയാത്രികയോട് പങ്കുവെക്കുകയും ചെയ്യുന്ന വിജയൻ പരാജയ പ്രണയം വീണ്ടും പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാട്ടിലെത്തുകയും അതിനായി പരിശ്രമിക്കുകയും വിജയത്തിന്റെ വക്കിൽ വെച്ച് വീണ്ടും വീണു പോകുന്നതുമാണ് നോവലിന്റെ രത്നചുരുക്കം.

വിഷയം പ്രണയമായത് കൊണ്ടുതന്നെ 
നോവൽ അല്പം പൈങ്കിളിയാണ് ഒരു മലയാളിക്ക് പരിചിതമായ അന്തരീഷത്തിൽ നമുക്ക് ചുറ്റും നടന്ന നടക്കുന്ന ഒരു കഥയുടെ സ്വഭാവം ഈ നോവലിനുണ്ട് ഈ കഥയിൽ പാലക്കാടിന്റെ മലമ്പുഴയും കടന്നു വരുന്നുണ്ട്, വായിക്കുന്നവർക്ക് വിജയനോ വിനോദിനിയോ ആണ് എന്ന് സ്വയം തോന്നുമെന്നുറപ്പാണ്, അത്രമേൽ തീവ്രമാണ് ഊഞ്ഞാൽ,
ഒന്നെനിക്ക് ഉറപ്പാണ് ഈ ഊഞ്ഞാലിൽ കയറിയവർക്ക് ആടാതിരിക്കാൻ കഴിയില്ല.

വായിച്ച പുസ്തകങ്ങളിലെ  എല്ലാ നായികമാരെയും ഞാനും പ്രണയിച്ചിട്ടുണ്ട്. പുസ്തകങ്ങളില്‍ നിന്നു പുസ്തകങ്ങളിലേക്കു വായന നീളുമ്പോൾ പുതിയ നായികമാര്‍ വരികയും പഴയവര്‍ പിന്‍‌വാങ്ങുകയും ചെയ്യും. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, വിനു മാത്രം ഇന്നും മനസ്സില്‍ മങ്ങാതെ മായാതെ നില നില്‍ക്കുന്നു...!

സഫലീകരിക്കാതെ പോയ സ്വപ്നങ്ങളുടെ സാക്ഷ്യപത്രമാവാം....!

സത്യം പറഞ്ഞാൽ
 “വായിച്ചതില്‍ വച്ചു ഒരിക്കലും മറക്കാനാവാത്ത പുസ്തകം!“



*ജയൻ പാറോത്തിങ്കൽ*

Popular posts from this blog

You are Born to Blossom:- Dr A P J Abdul Kalam