അവസാനത്തെ പെൺകുട്ടി :- നാദിയ മുറാദ്
ഒരു നാടോടി കഥയോ നോവലോ അല്ല " അവസാനത്തെ പെൺകുട്ടി " എന്ന ഈ പുസ്തകം .
വംശഹത്യയും മനുഷ്യക്കടത്തും അനുഭവിക്കേണ്ടിവന്ന ജനങ്ങളുടെയും , ലൈംഗിക അടിമത്തവും ചൂഷണവും ഗാർഹിക പീഡനവും നേരിടേണ്ടിവന്ന പെൺകുട്ടികളുടേയും ജീവിതാനുഭവങ്ങളാണ്
ഇവിടെ നമ്മൾ കാണുന്നത് .
2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായ നാദിയാ മുറാദ് തന്റെ ജീവിതകഥ ലോകവുമായി പങ്കുവയ്ക്കുന്ന പുസ്തകമാണ്
"അവസാനത്തെ പെൺകുട്ടി" .
ഇതിന്റെ മലയാളത്തിലേക്കുള്ള വിവർത്തനം നടത്തിയിരിക്കുന്നത്
നിഷ പുരുഷോത്തമനും പ്രസാദകർ മഞ്ജുൾ പബ്ലിക്കേഷൻസും ആണ് .
വടക്കൻ ഇറാഖിലെ കൊച്ചോ എന്ന ചെറിയ ഗ്രാമത്തിൽ താമസിച്ചിരുന്ന യസീദി വംശത്തിലെ 19കാരിയായ നാദിയയ്ക്ക് നേരിടേണ്ടിവന്ന പൊള്ളുന്ന ജീവിതമാണ് ഈ പുസ്തകത്തിലൂടെ അവർ തുറന്നു കാട്ടുന്നത് .
1993 ൽ ഇറാഖിലെ സിൻജാർ ജില്ലയിൽ കൊച്ചോ എന്ന ഗ്രാമത്തിലാണ് നാദിയയുടെ ജനനം . യസീദി വംശത്തിൽ പിറന്നതിന്റെ പേരിൽ മാത്രം പ്രദേശത്തെ മുഴുവൻ പുരുഷന്മാരെയും പ്രായമായ സ്ത്രീകളെയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ അഥവാ ഐസിസ് എന്ന തീവ്രവാദി സംഘടന കൂട്ടക്കൊല ചെയ്യുകയും , അവിവാഹിതരായ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി തീവ്രവാദികൾക്കിടയിൽ വിൽപ്പന നടത്തുകയും , ആൺകുട്ടികളെ അവരുടെ സംഘടനയിൽ ചേർത്ത് സ്വന്തം മാതാപിതാക്കളോടും യസീദി വംശത്തോടും ശത്രുത വളർത്തുകയും ചെയ്തപ്പോൾ നിഷ്ക്രിയരായി നോക്കിനിൽക്കാനും അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച് സ്വയം ഇല്ലാതാകാനും മാത്രമേ കൊച്ചോയിലെ ജനങ്ങൾക്ക് കഴിഞ്ഞുള്ളൂ .
പൂർണ്ണമായും ഒരു യസീദി ഗ്രാമമായിരുന്നു കൊച്ചോ . ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ പുരാതന മതമാണ് യസീദിസം . യസീദിസം ഒരു മതം അല്ല എന്ന് പറയുന്നവരും ഉണ്ട് . ബൈബിൾ , ഖുർആൻ പോലുള്ള ഒരു മതഗ്രന്ഥം അവർക്ക് ഇല്ല എന്നതാണ് ഇതിനു പ്രധാന കാരണം . മതപുരോഹിതന്മാർ വായ്മൊഴിയായി പകർന്നു കൊടുക്കുന്ന സംഹിതകൾ ആണ് അവരുടെ വിശ്വാസം . അങ്ങിനെയാണ് യസീദി മതം നിലനിന്നു പോരുന്നത് . ഒരു ദശലക്ഷം യസീദികൾ മാത്രമാണ് ഇന്ന് ലോകത്താകമാനം ഉള്ളത് .
ഓട്ടോമൻ ഭരണാധികാരികൾ മുതൽ
സദ്ദാം ഹുസൈന്റെ ബാത്ത് പാർട്ടി വരെ യസീദികളെ ആക്രമിക്കുകയും അവരെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുകയും ചെയ്തു വന്നിരുന്നു .
ഐസിസ് എന്ന തീവ്രവാദ സംഘടന യസീദികളെ കൊല്ലുന്നതും പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വിൽക്കുന്നതും ദൈവഹിതത്തിനു വേണ്ടിയാണെന്ന് സ്വയം വിശ്വസിക്കുകയും പരസ്പരം വിശ്വസിപ്പിക്കുകയും ചെയ്തുവന്നു . അതിനു പറഞ്ഞ കാരണം യസീദികൾ അവിശ്വാസികളും സാത്താന്റെ സന്തതികളും ആണെന്നാണ് . കൂടാതെ ദൈവത്തിന്റെ മുന്നിൽ ഇതൊരു പുണ്യപ്രവർത്തിയായും ഇസ്ലാമിക് സ്റ്റേറ്റ് കരുതി .
മിക്ക യസീദികൾക്കും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു . അതിനുള്ള പ്രധാന തടസ്സം മതപുരോഹിതന്മാരാണ് .വിദ്യാഭ്യാസം മതേതര വിവാഹങ്ങൾക്ക് വഴിവെക്കുമെന്നും അത് യസീദി സ്വത്വബോധം നശിപ്പിക്കുമെന്നും അവർ ഭയപ്പെട്ടു .
2014 ആഗസ്റ്റ് മൂന്ന് കൊച്ചോ നിവാസികളുടെ ജീവിതമാകെ തകർന്നടിഞ്ഞ ദിനമായിരുന്നു . ഐസിസ് തീവ്രവാദികൾ ആ കൊച്ചു ഗ്രാമത്തെ പൂർണ്ണമായും കീഴടക്കി .
മാതാവ് അടക്കം സ്വന്തം വീട്ടിലെ ഏഴുപേർ ഒരേദിവസം കൊല്ലപ്പെടുക എന്ന ദുരവസ്ഥയിലൂടെ കടന്നു പോകേണ്ടിവന്നു നാദിയയ്ക്ക് . ലൈംഗിക അടിമയായി വിൽക്കപ്പെടുകയും ക്രൂരമായ ബലാത്സംഗത്തിന് വിധേയമാകേണ്ടി വരികയും ചെയ്തപ്പോഴും നാദിയ നാളെയെന്ന സൂര്യോദയത്തെ സ്വപ്നം കണ്ട് ഐസിസ് സംഘടനക്കെതിരെ മനസ്സു കൊണ്ട് പൊരുതി രക്ഷപ്പെടാനുള്ള ഉൾക്കരുത്ത് നേടിയെടുക്കുകയായിരുന്നു .
സ്വന്തം മന:ശക്തിയും ധൈര്യവും കൊണ്ടുമാത്രം തടവിൽ നിന്ന് രക്ഷപ്പെട്ട നാദിയ തന്നെപ്പോലെ പീഡനമനുഭവിച്ച പെൺകുട്ടികളുടെ രക്ഷക്കായി നിലകൊള്ളുകയും തന്റേതടക്കം യസീദിവംശജരായ അനേകം യുവതികളുടെ തിക്തമായ ജീവിത അനുഭവങ്ങൾ ലോകത്തിനു മുൻപാകെ അനാവരണം ചെയ്യുകയും ചെയ്തു .
സിൻജാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി വിറ്റിരുന്ന പെൺകുട്ടികളെ ഐസിസ് "സബയ" എന്നാണ് വിളിച്ചിരുന്നത് . ലൈംഗിക അടിമകൾ എന്നാണ് ആ വാക്കിന് അർത്ഥം . ഖുറാനെ ദുർവ്യാഖ്യാനം നടത്തിയാണ് ഐസിസ് തീവ്രവാദികൾ ഈ ദുഷ്പ്രവർത്തികൾ മുഴുവൻ ചെയ്തുകൊണ്ടിരുന്നത് .
ആത്മാവിനെപ്പോലും കൊല്ലുന്ന പീഡനങ്ങളാണ് നാദിയ അടക്കം മറ്റു പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടിവന്നത് .
തീവ്രവാദത്തിന്റെ ഭീകര വശങ്ങൾ തങ്ങളുടെ ജീവിതത്തെ അതികഠിനമായി പരീക്ഷിക്കപ്പെട്ടപ്പോൾ രക്ഷപ്പെടണം എന്നൊരു ഉൾവിളിയാണ് അവർക്ക് ജീവിക്കാനുള്ള ഊർജ്ജം നൽകികൊണ്ടിരുന്നത്.
ലൈംഗിക അടിമയായി ഹാജി സൽമാൻറെ കൂടെ ജീവിക്കേണ്ടി വന്നപ്പോഴും രക്ഷപ്പെടാൻ ശ്രമിച്ചതിൻറെ ഭാഗമായി തന്റെ സുഹൃത്തുക്കൾക്കും ജോലിക്കാർക്കും നാദിയയെ ബലാൽസംഗം ചെയ്യാൻ ഹാജി വിട്ടുകൊടുത്തപ്പോഴും നാദിയ സഹനത്തിന്റെ ബലിയാടിനെ പോലെ പീഡിപ്പിക്കപ്പെടുകയായിരൂന്നു .
അവൾ പലപ്പോഴും ചിന്തിച്ചു കച്ചവടച്ചരക്കുകൾ പോലെ കൈമാറ്റം ചെയ്യപ്പെടുകയും ശരീരം നുറങ്ങുംവരെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നതിലും എത്രയോ ഭേദമാണ് മരണമെന്ന് .
ഒരു വിൽപ്പന ചരക്കിനെപ്പോലെ പല പ്രാവശ്യം കൈമാറ്റം ചെയ്യപ്പെട്ട് നാദിയയെ മൊസൂളിൽ നിന്നും സിറിയയിലേക്ക് കടത്താൻ ശ്രമിച്ചപ്പോൾ അവൾക്ക് മനസ്സിലായി ഇവിടെ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു മോചനം അസാധ്യമാണെന്ന് .
രക്ഷപ്പെടണം എന്ന അഭിവാഞ്ച ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കെ നാദിയ മൊസൂളിലെ ഒരു സുന്നി കുടുംബത്തിന്റെ സഹായത്തോടെ വ്യാജമായ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി കുർദിസ്ഥാനിലേക്ക് രക്ഷപ്പെടുകയാണ് . ആ യാത്രയും അവളെ സംബന്ധിച്ചിടത്തോളം ഒരുപാട് പരീക്ഷണങ്ങളും ഭികരത നിറഞ്ഞതും ആയിരുന്നു .
മൊസൂളിൽനിന്ന് കിലോമീറ്ററുകൾ താണ്ടി ഇറാഖ് അതിർത്തി കടന്ന് കുർദിസ്ഥാനിലെ യസീദികൾക്കായുള്ള അഭയാർഥിക്യാമ്പിലെത്തിയ നാദിയ അവിടെവച്ചാണ് തന്റെ സഹോദരങ്ങളും മാതാപിതാക്കളുമെല്ലാം കൊല്ലപ്പെട്ടുവെന്ന് അറിയുന്നത്. കുർദിസ്ഥാനിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്തും ക്യാമ്പുകളിൽ വിതരണം ചെയ്യുന്ന ബാർലി , ഗോതമ്പ് തുടങ്ങിയവ സ്വീകരിച്ചും നാദിയയും ബാക്കി സഹോദരങ്ങളും ജീവിച്ചു വന്നു. പീന്നീട്, യസീദികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാദിയയും സഹോദരിയും ജർമനിയിലെത്തി. അവിടെയാണ് നാദിയ ഇപ്പോൾ കഴിയുന്നത്.
ഐസിസിനു കീഴിലെ ഇറാഖികൾക്കെല്ലാം വേണ്ടത് ഒരേ കാര്യങ്ങൾ , സംരക്ഷണം സുരക്ഷിതത്വം , ചിതറിപ്പോയ കുടുംബാംഗങ്ങളെ കണ്ടെത്തൽ . എല്ലാവരും ഒരേ ഭീകര സംഘടനയിൽ നിന്ന് രക്ഷപ്പെട്ടു ഓടിയവർ .രക്ഷപ്പെടാൻ ശ്രമിക്കുന്നവർ .
വംശഹത്യയുടെ കറുത്തനാളുകളിൽ നിന്ന് കുർദിസ്ഥാനെ പോലൊരു ഉയർത്തെഴുനേൽപ്പ് സിൻജാറിന് കഴിയുമെന്നാണ് നാദിയ ആദ്യമൊക്കെ വിചാരിച്ചത്.
എന്നാൽ ഇപ്പോൾ ആ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുന്നു . കുർദിസ്ഥാനിലെയും സിൻജാറിലേയും സാഹചര്യങ്ങൾ വ്യത്യസ്തമാണ് . ഇവിടെ കുർദുകൾ മാത്രമേയുള്ളൂ . അതുകൊണ്ടുതന്നെ സദ്ദാമിന്റെ പട്ടാളം പുറത്തു നിന്ന് വന്ന ശത്രുക്കളായിരുന്നു ഇവർക്ക് . പക്ഷേ സിൻജാറിൽ അറബികളും യസീദികളും ഇടകലർന്നാണ് കഴിയുന്നത് . പരസ്പരം വാണിജ്യ വ്യാപാര ഇടപാടുകളും ഉണ്ട് . ജീവിതം ഒരു സമസ്യയെന്ന് സാഹിത്യത്തിൽ വിശേഷിപ്പിക്കുന്നപോലെ യസീദികളുടെ ജീവനും ജീവിതവും പൂരിപ്പിക്കാൻ കഴിയാത്തൊരു സമസ്യയായി നിലകൊള്ളുന്നു.
നാദിയയെ നിശബ്ദയാക്കാനുള്ള ഐസിസ് സംഘടനയുടെ ശ്രമത്തിന് അവളൊരിക്കലും വഴങ്ങിയില്ല . അനാഥ , ബലാൽസംഗ അടിമ , അഭയാർത്ഥി ഇങ്ങനെ ജീവിതം അവൾക്ക് നൽകിയ എല്ലാം മേൽവിലാസങ്ങളെയും നാദിയ ധിക്കരിച്ചു . പകരം മറ്റു ചില പേരുകൾ അവൾ സ്വയം സൃഷ്ടിച്ചു: അതിജീവിച്ചവൾ . യസീദി നേതാവ് . സ്ത്രീകളുടെ വക്താവ് . യു എന്നിന്റെ ഗുഡ് വിൽ അംബാസിഡർ . പിന്നെ ഇപ്പോഴിതാ എഴുത്ത്കാരിയും .
ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു യസീദി മനുഷ്യാവകാശപ്രവർത്തകൻ ആബിദ് ഷംദീനുമായുള്ള നാദിയയുടെ വിവാഹം. അന്ന്, യുഎൻ രക്ഷാസമിതിയിലെ പ്രസംഗത്തിൽ കണ്ണുനിറഞ്ഞ് നാദിയ പറഞ്ഞു: ‘‘ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിന്റേതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിന്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽനിന്ന് ഞാൻ നിങ്ങളോടെല്ലാം യാചിക്കുന്നു, മറ്റെല്ലാത്തിനും മുൻപിൽ മനുഷ്യരെ നിർത്തൂ. സമാധാനത്തെ പ്രോത്സാഹിപ്പിക്കൂ. കൊലപാതകങ്ങൾ, ലൈംഗികാടിമത്വം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൊടുംക്രൂരതകൾ . ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനും ആ തിന്മകൾ തുടച്ചുനീക്കാനും ഇപ്പോൾ നിങ്ങൾ തയാറാവുന്നില്ലെങ്കിൽ പിന്നെന്നാണ് അതുണ്ടാവുക .
വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ലോകമേ, ഞങ്ങളും അർഹിക്കുന്നു, സമാധാനവും സുരക്ഷയും സന്തോഷവുള്ള ഒരു ജീവിതം, നിങ്ങളെപ്പോലെ’’.
ജീവിതത്തിനു വേണ്ടി ലോകത്തിനു മുന്നിൽ കൈകൂപ്പുന്ന യസീദികളുടെ അതിജീവന പോരാട്ടത്തിന്റെ പ്രതീകമാണ് നാദിയ. ആ പോരാട്ടത്തിന് ലോകം നൽകിയ ആദരവാണ് ഈ നോബൽ സമ്മാനം.
എപ്പോഴെല്ലാം നാദിയ തന്റെ സ്വന്തം കഥ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ചുവോ അപ്പോഴെല്ലാം ഐസിസ് തീവ്രവാദികളോടുള്ള തന്റെ വെറുപ്പും , പ്രതികാരവും പരസ്യമായി പ്രകടിപ്പിക്കുകയാണ് അവൾ ചെയ്തത്. തന്റെ ഈ പ്രവർത്തികളിലൂടെ ഭീകരരുടെ ശക്തി ചോർത്തിക്കളയുവാൻ തനിക്ക് കഴിയുമെന്ന് അവൾ വിശ്വസിച്ചു . ഇത്തരം ഒരു ദുരനുഭവം ഇനിയൊരു പെൺകുട്ടിക്കും നേരിടേണ്ടി വരരുതെന്നും താനായിരിക്കണം ഈ ദുരന്തത്തിന്റെ അവസാന രക്തസാക്ഷി എന്നുമാണ് നാദിയ മുറാദ് " അവസാനത്തെ പെൺകുട്ടി " എന്ന പുസ്തകത്തിലൂടെ ലോകത്തോട് പറയുന്നത് .